Thursday, November 24, 2016

iru paksham V M Girija Review ഇരുപക്ഷം പെടും


ഇരുപക്ഷം പെടും ഇന്ദുവല്ല ഞാൻ 
വി എം ഗിരിജ 

(നിരൂപണം) 


ജോസഫ്  കെ  ജോബ്  


സ്ത്രൈണസത്തയെ പ്രകൃതിഭാവങ്ങളിലേക്ക്   സന്നിവേശി പ്പിച്ചിരിക്കുന്ന അപൂർവം കവിതകളിലൊന്നാണ് വി എം ഗിരിജയുടെ 'ഇരുപക്ഷം പെടും ഇന്ദുവല്ല ഞാൻ' എന്ന കവിത. ആശാന്റെ  'ചിന്താവിഷ്ടയായ സീത' യിൽ ഇരുപക്ഷം പെടും ഇന്ദുവാണ് ഞാൻ എന്ന് സീത പറയുന്നതിന്‌  നേർവിപരീത ദിശയിലാണ് ഇവിടെ ഗിരിജ തന്റെ   സ്ത്രീസത്തയെ ആവിഷ്‌ക രിക്കുന്നത്. ആശാന്റെ സീത സുഖങ്ങളെയും  ദു:ഖങ്ങളെയും  ഇരുപക്ഷങ്ങളായി കാണുകയും അവ  പക്ഷങ്ങൾ പോലെ മാറിമാറി വരുമെന്ന് കരുതുകയും ചെയ്യുന്നു. ഇരുളും വെളി ച്ചവും, സന്തോഷവും സങ്കടവും, പുഞ്ചിരിയും കണ്ണീരും ഒരുമിച്ച്  ഒന്നായിച്ചേർന്നാണ്  തന്റെ ജീവിതത്തിൽ വരുന്നതെന്ന്  കവയിത്രി  സമർത്ഥിക്കുന്നു. തന്റെയുള്ളിൽ വിരിഞ്ഞ്  തേൻ തൂകുന്ന പ്രണയത്തെ, തന്റെ വസന്തത്തെ, തന്റെ ശിശിരത്തെ എല്ലാം   പ്രകൃതിയുടെ ഭാവഹാവാദികളിലേക്ക്, പ്രപഞ്ചത്തിലെ ജൈവസത്തയിലേക്ക് ചേർത്തു വച്ചിരി ക്കുകയാണ്  കവി ഇവിടെ. ഓരോ പക്ഷവുമെന്നല്ല,  ഓരോ ദിവസവും തനിക്ക് സുഖദുഃഖ സമ്മിശ്രമാണ്. പുഞ്ചിരിയോടെ ഉദിക്കുന്ന പ്രഭാതം,  വേദനിച്ചു കരയേണ്ടി വരുന്ന അസ്തമയം- എല്ലാം ഒരു ദിനത്തിൻറെ സമയ ദൈർഘ്യത്തിൽ സംഭവി ക്കുന്നു. മൃദുവാക്കുകൾ  തന്റെയുള്ളിൽ പൂക്കൾ പോലെ വിടരുന്നു- ഒരുദിനം കൊണ്ടുത്തന്നെ അടരുന്നതി ന്റെ  നോവും അറിയുന്നു. പ്രണയത്തിന്റെ തേൻതുളുമ്പു മ്പോൾത്തന്നെ തന്നെ ചൂഴ്ന്നുനിൽക്കുന്ന ഏകാകിതയും അവൾ അനുഭവിക്കുന്നു.   നിഴലുമാത്രമേ തനിക്കു  സ്വന്തമെന്ന്അ വൾ  അതോടെ  അറിയുന്നു.  സ്വന്തസുഖ മന്വേ ഷിക്കുന്ന  എത്രയോ  യാത്രികരുണ്ട്  ഈ ജീവിത വഴിത്താരയിൽ. ബഹുകർമപഥങ്ങളിൽ ചരിക്കുന്നവർ. സ്വന്തമെന്നും ബന്ധമെന്നുമൊക്കെ നാം കരുതുന്നവയുടെ വ്യർത്ഥതയും കവയിത്രി തിരിച്ചറിയുന്നു ണ്ട്.  എൻറെ സ്വന്തമെന്നു വിചാരിക്കുന്നവയെല്ലാം വെറുതെയാണെന്നു  മനസിനറിയാം. ക്ഷണികമെങ്കിലും സ്വന്തമാണെന്ന വിചാരങ്ങൾക്ക്   സുഖമുണ്ടെന്നും കവയി ത്രി അറിയുന്നു.  ഒരു മാന്ത്രിക വിത്തുപോലെ  വളർന്നുപടർന്ന് തളിരിട്ട്, സുഗന്ധം പരത്തുന്ന വർണപുഷ്പങ്ങളുള്ള, കിളികൾക്ക്  ഇരിപ്പിടമായ്  ഋതുഭേദങ്ങൾക്കനുസരിച്ച് രുപഭാവങ്ങൾ മാറി വരുന്ന ഒരു വൃക്ഷമായി മാറി തീരാണ് തനിക്കിഷ്ടമെന്ന്  കവയിത്രി പറയുന്നു. സ്ത്രീശരീരത്തിലും മനസ്സിലും വരുന്ന മാറ്റങ്ങളെയും വളർച്ചകളെയും സൗന്ദര്യത്തെയും അതിന്റെ വ്യർതിയാനങ്ങളെയുമെല്ലാം വൃക്ഷസ്വരൂപത്തിലേക്ക് അദ്ധ്യാരോപിക്കുകായാണ് കവി ഇവിടെ. വസന്തത്തിന് പിറകെ വരുന്ന ഒരു ശിശിരത്തെ അവൾ  അറിയുന്നു. രോഗം, വാർദ്ധക്യം, മരണം ഇല കൊഴിഞ്ഞ  വൃക്ഷം പോലെ നാളെ അവളും ഇല്ലാതാവും ഒരു ദിനം അവളും ഓർമ്മയാകും നിലാവിന്റെ പുടവയുടുത്ത് യക്ഷിയെപ്പോലെ നിന്നെ വിളിക്കുമ്പോൾ  നീ എന്നരികിലേക്ക്  ഏറെ പ്രതീക്ഷയോടെ വരരുതെന്ന് അവൾ തന്റെ പ്രിയനേ ഓർമിപ്പിക്കുന്നു. താനെ പ്രണയവും ഒരു മിഥ്യയാണ്, ഒരു ഓർമയാണ്, നിഴൽ മാത്രമാണ്.  
പെണ്ണുടലിനെ പ്രകൃതിയിലേക്ക്, ജൈവസത്തയിലേക്ക്  ചേർത്തുവയ്ക്കുമ്പോൾ അത് എത്രയോ അനുഭൂതിദായകമായിരിക്കുന്നു. പ്രകൃതിയുടെ പച്ചപ്പിലേക്ക്, പൂക്കളുടെ ഗന്ധത്തിലേക്ക്, നിലാവിൻറെ വെണ്മയിലേക്ക്, വനത്തിൻറെ നിഗൂഢവശ്യതയിലേക്ക്  സ്ത്രീയുടെ ശരീരത്തെയും മനസ്സിനെയും ചിന്തകളെയും ഇവിടെ സമ്യക്കായി ചേർത്തുവച്ചിരിക്കുന്നു.